ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

 ഗുരുവായൂര്‍ ദേവസ്വം നന്ദന്‍ 


 ‌ 20 വര്‍ഷങ്ങൾക്ക് മുമ്പ് കര്‍ണാടകയിലെ ഒരു വനയോര ഗ്രാമത്തില്‍ നിരന്തര ശല്യമായി മാറി മദിച്ചു നടന്ന ഒരു കാട്ടാനയുണ്ടായിരുന്നു. പല തവണ ആനയെ അകറ്റി നിര്‍ത്താന്‍ പഠിച്ച വിദ്യ പതിനെട്ടും പയറ്റിയിട്ടും ഗ്രാമവാസികള്‍ക്ക് നിരാശ ആയിരുന്നു ഫലം. ഒടുവില്‍ ഫോറസ്റ്റുകാരുടെ കഠിനമായ പരിശ്രമത്തിൽ അവന്‍ ആന കൊട്ടിലിൽ തളയ്ക്കപ്പെട്ടു. ‌ 

 ആ സമയം ഇങ്ങ് നമ്മുടെ ഈ കൊച്ചു കേരളത്തില്‍ കോഴിക്കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജനറല്‍ മനേജര്‍ ശ്രീ നന്ദകുമാര്‍, 'ഗുരുവായൂര്‍ ഉണ്ണികണ്ണന് നടയിലിരുത്താനായി നല്ലൊരു കുട്ടികൊമ്പനെ' തേടി നടക്കുകയായിരുന്നു. അപ്പോഴാണ് ആ വാർത്ത അദേഹത്തിന്റെ കാതുകളിൽ എത്തിയത്. കര്‍ണാടക ഫോറസ്റ്റുകാർക്ക് അടുത്തിടെ വനയോര മേഖലയില്‍ നിന്നും 24 വയസ്സുള്ള ഒരു സുന്ദരൻ കൊമ്പനെ കിട്ടിയിരിക്കുന്നു. ഉടനെ വിട്ടു കര്‍ണാടകയിലേക്ക്. കണ്ടു, ഇഷ്ട്ടപെട്ടു, കൊണ്ടിങ്ങട്‌ പോന്നു. അതായിരുന്നു സംഭവിച്ചത്. നേരെ നാകേരി മനയില്‍, ഒരാഴ്ച കാലത്തോളം കൊണ്ട് നിര്‍ത്തിയ ആനയെ,നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി 1996ല്‍ നന്ദകുമാര്‍, "നന്ദന്‍" എന്ന് നാമകരണം ചെയത് ഗുരുവായൂര്‍ കണ്ണന് സമര്‍പ്പിച്ചു. ‌ 


 തനി കാട്ടാന ആയിട്ടാണ് നന്ദന്‍ ഗുരുവായൂരിൽ വന്നു കയറിയത്. ദേഹമാസകലം മുറിവുകളും പരിക്കുകളും നിറഞ്ഞു കാണാൻ തന്നെ പരുക്കന്‍ ആയൊരു കാട്ടാന . നന്ദനെ കോട്ടയില്‍ ആദ്യമായി ചികിത്സിച്ച കൈമള്‍ സർ ഇടയ്ക്കു പറയുക ഉണ്ടായി, അന്ന് നന്ദന്റെ ദേഹത്ത് നിന്നും വെടിയുണ്ടകളുടെ ബാകിപത്രങ്ങൾ ലഭിച്ചു എന്ന്. തന്റെ കഴിഞ്ഞ കാല ദുരിതങ്ങള്‍ എല്ലാം മറന്ന് നന്ദന്‍ കോട്ടയില്‍ പുതിയ ജീവിതം തുടങ്ങി. കൂട്ടിന് പാറശ്ശേരി മോഹന്‍ദാസ് എന്ന അഗ്രഗണ്യന്‍ കൂടി ആയപ്പോ, നന്ദന്‍ തെളിഞ്ഞു. നാടൻ ആനകളെ കവച്ചുവെക്കുന്ന ലക്ഷണങ്ങൾ നന്ദനിൽ പ്രകടമായി. വെറും ഒരു കാട്ടാന ആയി വന്നു കയറിയ ഒരുവൻ പിന്നീട് തികഞ്ഞ ഒരു തിടമ്പ് ആന ആയി മാറുന്ന കാഴ്ച ആണ് കണ്ടത്. മോഹന്‍ദാസിന്റെ കീഴില്‍ ആന എല്ലാ ചിട്ട വട്ടവും സ്വായത്തമാക്കി. അങ്ങനെ ആദ്യമായി ഗുരുവായൂര്‍ ക്ഷേത്ര അംഗണത്തിൽ വച്ച് തന്നെ നെറ്റി പട്ടം കെട്ടിയ നന്ദന്‍, ഗുരുവായൂരപ്പന്റെ പൊൻ തിടമ്പേറ്റി തന്റെ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂര്‍ കണ്ണനിൽ തുടങ്ങിയവന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

 കേരളത്തില്‍ അങ്ങോളമിങ്ങോളം നന്ദന്‍ പ്രശസ്തി ആർജിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും ശരീര ഭാരംമേറിയ ആന എന്നുള്ള പ്രത്യേകത ആനയുടെ പ്രശസ്തി ഇരട്ടിയാക്കി. ഗുരുവായൂര്‍ കേശവനും, പദ്മനാഭനും ശേഷം തൃശൂർ പൂരം തിടമ്പ് ഏറ്റിയ ബഹുമതിയും നന്ദന്‍ സ്വന്തമാക്കി . തിരുമാന്ധാംകുന്ന് അമ്മയുടെ തങ്ക തിടമ്പ് തുടർച്ചയായി എഴുന്നള്ളിക്കുന്നത് നന്ദന്‍ ആണ്. കൂടല്‍മാണിക്യം ശ്രീ സംഗമേശഭഗവാന്റെ തിടമ്പേറ്റുവാനുള്ള ഭാഗ്യവും നന്ദനെ തേടി എത്തി. നെന്മാറ വല്ലങ്ങി വേലകളിൽ ഒരു അഭിവാജ്യ ഘടകം ആയി നന്ദന്‍ മാറി. ഇന്ന് പാലക്കാട് ഭാഗത്തുള്ള പല ലക്ഷണ പൂരത്തിനും പതിവായി തിടമ്പ് ഏറ്റുക നന്ദന്‍ ആണ്. ഗുരുവായൂരപ്പനെ തിടമ്പ് ഏറ്റി തുടങ്ങിയതിന്റെ പുണ്യം. ‌ 

 സഹ്യപുത്രൻമാരിൽ കണ്ടുവരുന്ന എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആന ആണ് നന്ദന്‍. ഉയർന്ന തലകുന്നി, നിലത്ത് മുട്ടുന്ന തടിച്ച തുമ്പി, വലിയ വായു കുംഭം, അസാധാരണമായ വലിപ്പമുള്ള പെരുമുഖം, വീശിയടിച്ചാൽ കണ്ണുകൾ പൂര്‍ണമായും മറയുന്ന വലിയ ചെവികള്‍, 10 അടിക്ക് മുകളില്‍ ഉയരം, ഉറച്ച നടയമരങ്ങൾ, അങ്ങനെ ലക്ഷണങ്ങള്‍ അനവധി. കണ്ണ് കിട്ടാതെ ഇരിക്കാനെന്നോണം, വെള്ള കലര്‍ന്ന കണ്ണുകൾ, വാലിന് ചെറിയൊരു വളവ് എന്നീ ചെറിയ ന്യൂനതകൾ. ചാര നിറം കലര്‍ന്ന കറുപ്പ് നിറമാണ്. നന്ദന്റെ വാല്‍ വെള്ള രോമങ്ങളാൽ അലങ്കാരികമാണ് എന്നതും ചെറിയൊരു പ്രത്യേകത. ആകെ ഭാരം ആറര ടൺ അടുപ്പിച്ചു ഉണ്ടാകും

. നീര് കാലം ചിങ്ങമാസം തുടങ്ങി ധനു മാസം അവസാനിക്കും. ദൈർഘ്യമേറിയ നീര് കാലം. ‌ നാരായണപ്രിയൻ നന്ദന്‍ സ്വതവേ ഒരു ഭക്ഷണപ്രിയനാണ്. എപ്പോഴും എന്തെങ്കിലും ചവയ്കുവാൻ കിട്ടിയാല്‍ അത്രയും സന്തോഷം. ഭക്ഷണത്തിൽ എന്ന പോലെ ഉറക്കത്തിന്റെ കാര്യത്തിലും നന്ദന് ഒരു വിട്ടുവീഴ്ചയുമില്ല. എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ ആനയെ ഉറക്കം ഇല്ലാതെ കൊണ്ട് പോകാം എന്നൊന്നും സ്വപ്നത്തില്‍ കരുതേണ്ട. എല്ലാം സാവധാനം മാത്രമേ ചെയ്യൂ. അതിപ്പോ ദേഹമാകെ ഇളക്കി അങ്ങനെ പ്രൗഢിയോടെ നടന്നു വരുന്നത് ആയിരുന്നാലും ആഹാരം കഴിക്കുന്നത് ആയിരുന്നാലും. ഒന്നാമന് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്ന ആന, രണ്ടാമനും മൂന്നാമനും അധികം വക വച്ച് കൊടുക്കാറില്ല. 

വെടികെട്ട് ഇത്തിരി പേടിയുണ്ടായിരുന്നു, എന്നാലും തന്റെ ചട്ടക്കാരൻ കൂടെ ഉണ്ട് എങ്കിൽ ഒരു പേടിയുമില്ലാതെ നില്‍ക്കും. അത് പോലെ കുളിയുടെ കാര്യത്തിലും നന്ദന്‍ ഒരു അനുരഞ്ജനത്തിനും തയ്യാറല്ല. ഇഷ്ടമുള്ള നേരത്തോളം വിസ്തരിച്ചുള്ള കുളി, ഭക്ഷണം പോലെ പ്രിയങ്കരം. ‌ ഒരു സമയം മനുഷ്യരുടെ എതിരെ മദിച്ചു നടന്ന ഒരു കാട്ടാന, ഇന്നിവിടെ കേരളത്തിലെ രണ്ടാം ജന്മത്തിൽ ഇന്നോളം ഒരു പ്രശ്നവും കാട്ടാതെ ഗുരുവായൂരപ്പന്റെ പൊന്നോമന ആയി പൂരപറമ്പുകൾ കീഴടക്കി നടന്നു നീങ്ങുന്നു. 50ൽ താഴെ പ്രായം. ഇനിയും എത്രയോ ഉയരങ്ങൾ കീഴടക്കി അവന്‍ മുന്നേറുന്നത് നമുക്ക് പ്രാർത്ഥനയോടെ കണ്ടു നില്‍ക്കാം


© ~രാവണന്‍~ തിടമ്പും തമ്പുരാൻമാരും

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും