കർണ്ണനും അവന്റെ പഴയ സാരഥി കണ്ണേട്ടനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ ഒന്ന് കേട്ടു നോക്കു...

കർണ്ണനും കണ്ണേട്ടനും ...!



 ഓരോ ഉത്സവവും സമ്മാനിക്കുന്നത് ഒത്തുചേരലിന്റെ ആനന്ദമാണ്.! ആഹ്ലാദവും ആവേശവും ആകാംഷയുമെല്ലാം സമ്മേളിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് ഓരോ ഉത്സവവും കടന്നുപോവുക.! രണ്ടര വർഷങ്ങൾക്കു മുൻപുള്ള ഒരു ജനുവരി. തൃശൂരിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു നൂറേ നൂറിൽ ബൈക്കോടിക്കുമ്പോൾ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു "കണ്ണേങ്കാവ് പൂരം".


I



ഏകഛത്രാധിപതിയുടെയും രാമാനുജന്റെയും ചങ്ങലകിലുക്കങ്ങൾ മുഴങ്ങുന്ന പേരാമംഗലവും, പൂരങ്ങളുടെ പൂങ്കാവനമായ കുന്നംകുളവും കഴിഞ്ഞു വണ്ടി ചീറിപ്പായുകയുകയാണ്.! സീസണിൽ ആദ്യം വരുന്നൊരു പൂരമാണ് കണ്ണേങ്കാവിലേത്. നല്ല ചിട്ടയുള്ള എഴുന്നെള്ളിപ്പും ഗജവീരന്മാരും, പഞ്ചവാദ്യവും പഞ്ചാരിയും, ആയിരക്കണക്കിന് കരിങ്കാളികളും, മറ്റു നാടൻകലാരൂപങ്ങളും, ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ടുമെല്ലാമായി എല്ലാം തികഞ്ഞൊരു പൂരം.! കണ്ടില്ലെങ്കിൽ അത് നഷ്ടം തന്നെയാണ്. ആ നഷ്ടം സഹിക്കാൻ എന്നിലെ പൂരപ്രേമി തയ്യാറുമല്ലായിരുന്നു.! ചങ്ങരംകുളത്തുനിന്നും മൂക്കുതല റോഡിലേക്ക് വണ്ടി തിരിച്ചപ്പോഴേക്കും ബ്ലോക്ക്. ബൈക്ക് യാത്രയ്ക്ക് അതോടെ വിരാമം.!


Keralakkarayile Gajakesarikal
 അടുത്തുള്ളൊരു വീട്ടിൽ വണ്ടി നിർത്തി എന്റെ കാലുകൾ കാവിലേക്ക്. ഏകദേശം മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്. പകൽപ്പൂരം എഴുന്നെള്ളിപ്പിന്റെ അവസാനമേ കാണാനാവൂ എന്ന് തെല്ലു വിഷമത്തോടെയാണെങ്കിലും ഞാൻ മനസിലാക്കി.! ഇത്തവണ ഭഗവതിയെ ശിരസ്സിലേറ്റാൻ വരുന്നത് മംഗലാംകുന്ന് കർണ്ണനാണെന്ന് അവിടെയുള്ള സുഹൃത്ത് ആദ്യമേ അറിയിച്ചിരുന്നു. സാധാരണ പാറമേക്കാവ് പദ്മനാഭൻ, കോങ്ങാട് കുട്ടിശ്ശങ്കരൻ, തിരുവമ്പാടി ശിവസുന്ദർ ഇവരാരെങ്കിലുമാണ് കയറ്റി എഴുന്നെള്ളിക്കാൻ വരാറുള്ളത്.! കർണ്ണൻ മുൻപ് വന്നിട്ടുണ്ടെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു വീണ്ടും അവിടേക്കെത്തുന്നത്. ദേശക്കാരുടെ വരവുകൾക്കിടയിലൂടെ നടന്നു നടന്നു വിയർത്തു കുളിച്ചു ഞാൻ ഉത്സവപ്പറമ്പിലെത്തി.! മേളം പൊടി പൊടിക്കുന്നു. കാണികളുടെ കൈകൾ മേളപ്പെരുക്കങ്ങളുടെ നാദലഹരിയിൽ ഉയർന്നു താഴുന്നു. തിക്കിത്തിരക്കി എങ്ങേനെയോ ആനകളുടെ അടുത്തെത്തി. കണ്ണേങ്കാവ് ഭഗവതിയുടെ ചൈതന്യം ശിരസ്സിലേറ്റിയതിന്റെ പുണ്യവുമായ് ഗജകുലസർവ്വശ്രേഷ്ഠാധിപതി മംഗലാംകുന്ന് കർണ്ണൻ.!



വലത്തേപറ്റായി ഗജരാജകുലപതി ഗണപതിയും ഇടത്തേപറ്റ് ഇളമുറത്തമ്പുരാൻ ഊക്കൻസ് കുഞ്ചുവും. കൂടാതെ മുളളത്ത് ഗണപതിയും, വൈലാശ്ശേരി കേശവനുമുണ്ട്. പരമ്പരാഗത രീതിയിലുള്ള ചമയങ്ങൾ. എല്ലാവരുടെയും കൈ നിലത്തിഴഞ്ഞു തന്നെ കിടക്കുന്നു.! സ്വാഭാവികമായ തലയെടുപ്പോടെ നിൽക്കുന്ന കർണ്ണൻ.! അകമ്പടി സേവിച്ച ഒരാനയുടെയും ശിരസ്സ് തിടമ്പാനയ്‌ക്കൊപ്പമില്ല.! കണ്ണേട്ടനാണ് കർണ്ണന്റെ ചട്ടക്കാരൻ. ഗണപതിയ്ക്ക് രവിയേട്ടനും. വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലാണ് കണ്ണേട്ടൻ ആനയുടെ സാരഥിയായി കയറുന്നത്.! ശിവേട്ടൻ കെട്ടി ഒഴിഞ്ഞ ശേഷം, കർണ്ണന്റെ ഏറ്റവും മികച്ച സാരഥികളിൽ ഒരാളായ ആറ്റക്കര നാരായണേട്ടൻ വീണ്ടും ആനയെ അഴിക്കുമെന്നു പറഞ്ഞുകേട്ടിരുന്നു. എന്നാൽ എന്തുകൊണ്ടോ അത് നടന്നില്ല. പിന്നെ ആര് കയറും ആനയ്ക്ക് എന്ന സംശയത്തിൽ നിൽക്കുന്ന സമയത്താണ് കണ്ണേട്ടൻ ആനയിൽ കയറുന്നത്.! ആനയുടെ നിലവ് എന്ന മൂന്നക്ഷരത്തെക്കാൾ ശരീരം എന്ന മൂന്നക്ഷരത്തെ അദ്ദേഹം ശ്രദ്ധിച്ചു, സ്നേഹിച്ചു. അതിനു മാറ്റവുമുണ്ടായി, ആനയുടെ മേനി കയറുകതന്നെ ചെയ്തു.!



 മേളം കൊട്ടിക്കയറിയിറങ്ങി. പകൽപ്പൂരം എഴുന്നെള്ളിപ്പ് പൂർണമായി.! തിടമ്പിറക്കി ശ്രീകോവിലിനുള്ളിലെ ദേവിയെ വണങ്ങി ആനകൾ വിശ്രമത്തിനായി അടുത്തുള്ള പറമ്പിലേക്ക് പോവുകയാണ്. ഇനി പുലർച്ചെയാണ് എഴുന്നെള്ളിപ്പ്. അത് വരെ വിശ്രമം.! ഉത്സവപ്പറമ്പിൽ നിന്നും കുറച്ച് തണ്ണിമത്തനും പഴവും ഹലുവയും വാങ്ങി ഞാനും ആനകളുടെ പുറകെ നടന്നു. അപ്പോഴാണ് എന്റെ നാട്ടിലെ രണ്ടുപേരെ കണ്ടത്. വെടിക്കെട്ട്‌ കാണാൻ വന്നതാണവർ. അവരോടൊപ്പം വെടിക്കെട്ടിന്റെ കാര്യങ്ങൾ പറഞ്ഞു കുറച്ച് സമയം നിന്നു. പിന്നീട് ആനകൾ വിശ്രമിക്കുന്ന പറമ്പിലെത്തി. കണ്ണേട്ടൻ കർണ്ണനെ കുളിപ്പിക്കുകയാണ്.! അദ്ദേഹത്തിന്റെ രീതിയതാണ്. പരിപാടിക്ക് മുൻപും അതുകഴിഞ്ഞാലും നീരാട്ട് നിർബന്ധം.! കർണ്ണനെ കുളിപ്പിക്കുന്നതിനിടെ ഞാൻ നടന്ന് കുഞ്ചു, മുളളത്ത് ഗണപതി, വൈലാശ്ശേരി കേശവൻ തുടങ്ങിയ ആനകളുടെ അടുത്തെത്തി. ആ പറമ്പിൽ തന്നെ വേറൊരു മൂലയിലാണ് അവയെ കെട്ടിയിരിക്കുന്നത്. എന്നാൽ ചട്ടക്കാരൊപ്പം ഇല്ലാത്തതിനാൽ കൂടുതൽ സമയം അവിടെ നിന്നില്ല.! അങ്ങെനെ മംഗലാംകുന്ന് ഗണപതിയുടെ അടുത്തേക്ക്. ആനപ്പണിയിലെ കാരണവരായ രവിയേട്ടനോട് സൗഹൃദം പുതുക്കി, ഗണപതിയുടെ പുതിയ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, കയ്യിലുണ്ടായിരുന്ന തണ്ണിമത്തനും പഴവും കുറച്ച് ഗണപതിക്ക്‌ നൽകി, കർണ്ണന്റെ അടുത്തെത്തി. ആന കുളിച്ചു സന്ദരക്കുട്ടപ്പനായി നിൽക്കുകയാണ്.! കണ്ണേട്ടനോട് സംസാരിച്ചു ഹലുവയും മത്തങ്ങയും പഴവുമെല്ലാം അവന് നൽകി (നുണച്ചട്ടം ഇടാനൊന്നുമല്ല കേട്ടോ). കൊല്ലങ്കോട് സ്വദേശിയായ വിനീതാണ് കണ്ണേട്ടന്റെ സഹായിയായി കൂടെയുള്ളത്.



ഇടച്ചട്ടം എന്നൊന്നും പറയാറായിട്ടില്ല. ഇനി പുലർച്ചെയാണ് എഴുന്നെള്ളിപ്പ് ഉള്ളതെന്നും അതുവരെ ഈ പറമ്പിലുണ്ടാവുമെന്നും കണ്ണേട്ടൻ പറഞ്ഞു. ഞാൻ ചായകുടിക്കാൻ വിളിച്ചപ്പോൾ വിനീത് കൊണ്ടുവരാൻ പോയിട്ടുണ്ടെന്നായിരുന്നു മറുപടി. എങ്കിൽ വെടിക്കെട്ട്‌ കണ്ട് വരാമെന്നു പറഞ്ഞു ഞാൻ വേഗം പാടത്തേക്കിറങ്ങി.! ചായയും മുളക് ബജിയും കഴിച്ചു വെടിക്കെട്ടിനായുള്ള കാത്തിരിപ്പ്. വടക്കുംമുറി, കാഞ്ഞിയൂർ, പിടാവനൂർ എന്നീ ദേശങ്ങളുടെ ഗംഭീര വെടിക്കെട്ടും കണ്ട് വീണ്ടും ആനകളെ കെട്ടിയിരിക്കുന്ന പറമ്പിലെത്തി. കർണ്ണന്റെ പുറകിലായി അൽപ്പം മാറി ഒരു പായ വിരിച്ചു അതിലിരിക്കുകയാണ് കണ്ണേട്ടനും വിനീതും. ഞാനും അവരോടൊപ്പം പോയിരുന്നു. ആനയുടെ പുതിയ വിവരങ്ങളും അടുത്ത പരിപാടിയേക്കുറിച്ചുമായി പിന്നീട് സംസാരം.! രണ്ടുമൂന്നു മാസം മുൻപ് നടന്ന പഴഞ്ഞി ഗജസംഗമത്തിന്റെയും അടുപ്പുട്ടി പള്ളിപ്പെരുന്നാളിന്റെയും വിശേഷങ്ങൾ പങ്കുവെച്ചു. കർണ്ണൻ എന്ന ആനയെ കണ്ണേട്ടൻ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കിലും ബോധ്യമായി.! രണ്ടു മൂന്നു സീസൺ ഈ കൂട്ടുകെട്ട് മുന്നോട്ടുപോയാൽ ആനയ്ക്ക് വളരെ ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നി. പാർക്കാടി പൂരത്തിന് വരില്ലേ എന്ന് ചോദിച്ചപ്പോൾ, പെരുന്ന തൈപ്പൂയത്തിനു ആനയ്ക്ക് പരിപാടിയുണ്ടെന്നും അങ്ങോട്ട് കൊണ്ടുപോകണമെന്നുമൊക്കെ പറഞ്ഞു.!

Keralakkarayile Gajakesarikal
ആനയുടെ ആരോഗ്യസ്ഥിതിയും അരവിന്റെ അവസ്ഥയും മറ്റും ചോദിച്ചറിഞ്ഞപ്പോഴാണ് കണ്ണേട്ടൻ അന്ന് രാവിലെ നടന്നൊരു സംഭവം പറയുന്നത്.! കണ്ണേങ്കാവ് ദേവസ്വം കർണ്ണനെ ഏൽപ്പിച്ചതിനു ശേഷം, ഉത്സവത്തിന് രണ്ടു മൂന്നു ദിവസം മുൻപേ അവിടെയുള്ള കുറച്ചുപേർ കണ്ണേട്ടന്റെ നമ്പർ എങ്ങെനെയൊക്കെയോ തപ്പിപ്പിടിച്ചു അദ്ദേഹത്തിനെ വിളിച്ചു ചോദിച്ചു, "ഉത്സവത്തിനായി കർണ്ണൻ വരുമ്പോൾ ആനക്കായി ഞങ്ങൾ എന്തെങ്കിലും പ്രത്യകിച്ച്‌ ഒരുക്കേണ്ടതുണ്ടോ എന്ന്". കർണ്ണനു വേണ്ടിയുള്ള ഭക്ഷണമാണ് ഉദ്ദേശിക്കുന്നത്. പട്ടയും തെങ്ങോലയും വാഴപ്പിണ്ടിയും മറ്റു പഴവർഗ്ഗങ്ങളുമെല്ലാം അവിടെ ഒരുക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞപ്പോൾ, കുറച്ചു അവിൽ കൂടിയുണ്ടെങ്കിൽ നന്നായിരിക്കുമെന്നു കണ്ണേട്ടൻ പറഞ്ഞു. കാരണം അവിൽ നനച്ചു കൊടുക്കുന്നത് ദഹിക്കാൻ വളരെ നല്ലതാണ്.! ഉത്സവദിവസം രാവിലെ ആനയുമായെത്തിയ കണ്ണേട്ടൻ ഞെട്ടി.! ഏകദേശം ഇരുപത് കിലോയോളം അവിൽ ആനയ്ക്ക് വേണ്ടി അവിടെ ഒരുക്കിയിരിക്കുന്നു.! അവർ ഇതൊരുക്കുമെന്നു അദ്ദേഹത്തിനും വലിയ ഉറപ്പൊന്നുമില്ലായിരുന്നു എന്നതാണ് സത്യം.!ആനയെ കുളിപ്പിക്കാനും ആനയ്ക്ക് തീറ്റ കൊടുക്കാനും വേണ്ടി മത്സരിക്കുന്ന ആനപ്രേമികൾ.! ഇതെല്ലാം പറയുമ്പോൾ കണ്ണേട്ടന്റെ മുഖത്ത് പ്രതിഫലിക്കുന്ന ഭാവഭേദങ്ങൾ ഞാൻ നോക്കിനിന്നു.! ആനസ്നേഹിയായ ആ നല്ല ചട്ടക്കാരന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു അദ്ദേഹം ആനയെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന്.! കർണ്ണന്റെ വലിയ ഫ്ലെക്സുകൾ വച്ച്, അതിൽ വെല്ലുവിളികൾ നിറഞ്ഞ സിനിമാ ഡയലോഗുകൾ എഴുതിപ്പിടിപ്പിക്കാൻ അവിടെയുള്ള ആനപ്രേമികൾക്കു താല്പര്യമില്ലായിരുന്നു.! നെറ്റിപ്പട്ടത്തിൽ നോട്ടുമാലയിട്ട്, സെന്റിമെന്റ്സ് വാക്കുകൾ എഴുതിച്ചേർക്കാൻ അവർ തയ്യാറല്ലായിരുന്നു. ഉത്സവത്തിന് വരുന്ന ആനകളെ മാനം നോക്കി മത്സരിപ്പിക്കാൻ അവർ ഒരുക്കമല്ലായിരുന്നു.!


 എല്ലാ കമ്മിറ്റിക്കാരും ഇങ്ങനെ ഉത്സവം നടത്തിയിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി.! സമയം ഒൻപതര കഴിഞ്ഞു. ആനക്കാർക്കുള്ള ഭക്ഷണം അവിടെ ഒരുക്കിയിട്ടുണ്ട്. നിറവയറുമായി ചെവിയാട്ടി നിൽക്കുന്ന കർണ്ണൻ.! പുലർച്ചെ പൂരവും കൂടി കാണാൻ നിന്നാൽ അടുത്ത ദിവസം ഞാൻ ലീവെടുക്കേണ്ടി വരും.! മനസ്സില്ലാമനസ്സോടെ കർണ്ണനോടും ഗണപതിയോടും, കണ്ണേട്ടനോടും രവിയേട്ടനോടും യാത്രയും പറഞ്ഞു ഞാനും തിരികെ വണ്ടിയുടെ അടുത്തേക്ക്....! .

വിവരണം : വിനു പൂക്കാട്ടിയൂർ

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും