രാമനും കർണ്ണനും ഒപ്പത്തിനൊപ്പം...!
കൂടെ പാറശ്ശേരി ചാമിയാശാനും എരിമയൂർ മണിയേട്ടനും...!!




ഇത്തിത്താനം ഇളങ്കാവിലമ്മയുടെ തങ്കത്തിടമ്പിന് വേണ്ടി കർണ്ണനും രാമചന്ദ്രനും ഇഞ്ചോടിഞ്ചു പൊരുതിക്കയറിയ പോരാട്ടം.!

അവലംബം: ഇത്തിത്താനം ഗജമേള 2001 
വിവരണം: വിനു പൂക്കാട്ടിയൂർ.



ഇരുപതാം നൂറ്റാണ്ടിലെ നൂറാംവർഷമായ 2000. ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷരനഗരിയുടെ തിരുമുറ്റത്ത് ഇത്തിത്താനം ഇളങ്കാവ് ദേവിയുടെ തങ്കത്തിടമ്പ് സ്വന്തമാക്കുവാൻ അന്നത്തെ കൊടികെട്ടിയ ഉയരക്കേമന്മാരായ നാണു എഴുത്തച്ഛൻ സൂര്യനും ആതിര രാജശേഖരനും ശിരസ്സുയർത്തി.! ശക്തമായ മത്സരത്തിനൊടുവിൽ അമ്പലക്കോടി യുവജന സമാജം എഴുന്നെള്ളിച്ച സൂര്യൻ തിടമ്പ് നേടിയപ്പോൾ, രാജശേഖരനെ കൊണ്ടുവന്ന മലകുന്നം അയ്യപ്പ ഭജന സമിതി  വിധിപ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും പിന്നീട് വാക്കേറ്റവും പ്രശ്നങ്ങളും വെല്ലുവിളിയുമെല്ലാമായി ആ വർഷം അവസാനിക്കുകയും ചെയ്തു.   

വരാൻ പോകുന്ന മഹായുദ്ധത്തിനു വഴിമരുന്നിട്ടായിരുന്നു അന്നത്തെ പരിപാടിയവസാനിച്ചത്.! മത്സരിച്ചു തിടമ്പ് നേടുകയെന്നതു ആനകളെ പങ്കെടുപ്പിക്കുന്ന വിഭാഗങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമായതിനാൽ, ഉയരപ്പെരുമയുടെ വീരന്മാരെയും തലയെടുപ്പിന്റെ തലതൊട്ടപ്പന്മാരെയും അടുത്ത വർഷം പാളയത്തിലെത്തിക്കാൻ വിഭാഗങ്ങൾ തീരുമാനിച്ചു. ഒരു വർഷത്തെ വാശി, അതിലേറെ അഭിമാനത്തിന്റെ അടയാളമായി ഈ ഗജമേള മാറുമെന്ന് മുൻകൂട്ടി വിലയിരുത്തപ്പെട്ടു.!

അന്തസ്സും അഭിമാനവും സംരക്ഷിക്കാൻ മലകുന്നം സമിതി പൂരങ്ങളുടെ നാട്ടിലേക്ക് വണ്ടികയറി. ഉയരപ്പെരുമയും തലയെടുപ്പും തന്റേടവും ഒരുപോലെ ആവാഹിച്ച ആനകേരളത്തിന്റെ മൂർത്തീഭാവം സാക്ഷാൽ തെച്ചിക്കോട്ടുകാവ് ഭഗവതിയുടെ മാനസപുത്രൻ രാമചന്ദ്രനെ ഇളങ്കാവ് ഭഗവതിയുടെ തങ്കതിടമ്പിന് വേണ്ടി മത്സരിക്കാൻ ഉറപ്പിച്ചു.! 




രാമചന്ദ്രന്റെ എതിരാളിയെ തിരഞ്ഞിറങ്ങിയ അമ്പലക്കോടി സമാജം ചെന്നുകയറിയത് കരിമ്പനകളുടെ നാട്ടിലേയ്ക്കായിരുന്നു. അസാദ്ധ്യനിലവും അപാര മത്സരബുദ്ധിയും അതിലേറെ പോരാട്ടവീര്യവുമുള്ള മനിശ്ശേരി കർണ്ണനെന്ന പാലക്കാടൻ പടനായകനെ ഭഗവതിയുടെ തങ്കത്തിടമ്പിനു വേണ്ടി മത്സരിക്കാനുള്ള ദൗത്യവുമേല്പിച്ചു.!



                   കർണ്ണൻ ( പഴയ മനിശ്ശേരി ) 
പ്രതീക്ഷയും വാശിയും വെല്ലുവിളിയും പന്തയവുമായി കാത്തിരിപ്പിന്റെ ദിവസങ്ങൾ അവസാനിക്കാൻ തുടങ്ങി. ഒടുവിൽ മേടമാസത്തിലെ ആ സുദിനം വന്നെത്തി. തെക്കൻ നാടുകളിൽ അന്നത്തെ കാലത്ത് അത്ര സജീവമല്ലാതിരുന്ന രാമനെയും കർണ്ണനെയും ഒരുനോക്കു കാണുവാൻ പുരുഷാരം വെമ്പൽ കൊണ്ടു.! വേല-പൂരങ്ങളുടെ നാട്ടിലെയും മധ്യകേരളത്തിലെയും തലപ്പൊക്ക വേദികളിലും കൂട്ടിയെഴുന്നെള്ളിപ്പുകളിലും രാമന്റെയും കർണ്ണന്റെയും അളവ്-നിലവ് യുദ്ധങ്ങൾ അതിനോടകം തന്നെ ചർച്ചാവിഷയമായിരുന്നു.!

വൈകാതെ ഇത്തിത്താനത്തിന്റെ മണ്ണിൽ വലതു കാൽ വച്ച് രാമനിറങ്ങി. ഒപ്പം ചങ്ങലയും പിടിച്ചു എരിമയൂർ സിങ്കമെന്ന മണിയേട്ടൻ. ആദ്യമായി രാമനെ കണ്ട ആളുകൾ അത്ഭുതം കൂറി.! രാമന്റെ ഉയരവും ഐശ്വര്യം നിറഞ്ഞ മുഖവും അംഗലാവണ്യവും കണ്ട ജനങ്ങൾ അന്തംവിട്ടു നിന്നു.!പിന്നീടായിരുന്നു കർണ്ണന്റെ ഊഴം. ദൃഢനിശ്ചയം സ്ഫുരിക്കുന്ന കണ്ണുകളും തേജസ്സുള്ള മുഖവും നടക്കുമ്പോൾ ഇളകിയാടുന്ന ശരീരവുമായി,  ചട്ടക്കാരിലെ ചാണക്യൻ പാറശ്ശേരി ചാമിയാശാനെ മുട്ടിയുരുമ്മി കർണ്ണനും വന്നിറങ്ങി. എന്നാൽ കർണ്ണനെ ആദ്യമായി കണ്ടയാളുകൾ നെറ്റിചുളിച്ചു.!അത്രയൊന്നും പൊക്കമില്ലാത്ത ഈ ആന ഗജമേളയിൽ പങ്കെടുത്തിട്ടെന്തു ചെയ്യുവാനാണ്? തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഏകപക്ഷീയമായി വിജയിക്കുമെന്ന് പലരും വിധിയെഴുതി.

ഗജമേളയിൽ തലയെടുപ്പിന്റെ മാസ്മരിക പ്രഭാവം പ്രകടമാക്കുവാൻ ഗജവീരന്മാർ ഒരുങ്ങിനിന്നു. രാമചന്ദ്രനും കർണ്ണനും പുത്തൻകുളം അനന്തപദ്മനാഭനും കിരൺ നാരായണൻ കുട്ടിയുമെല്ലാമായി പത്തോളം ആനകൾ.! ഗജനിരയുടെ ഒത്തനടുക്കായി രാമനെന്ന രാജാവും കർണ്ണനെന്ന തമ്പുരാനും.! തലപ്പൊക്കത്തിന്റെ ആവേശ നിമിഷങ്ങൾ ആരംഭിക്കുകയാണ്. അവിടെയുള്ളതിൽ വച്ച് ഏറ്റവും ഉയരമുള്ള ആനയായ രാമൻ ശിരസ്സുയർത്തി ചെവിയാട്ടി നിന്നു. രാമന്റെ നിലവ് കണ്ടയാളുകൾ അതിശയിച്ചു നിന്നു.! തൊട്ടരികിൽ നിന്നിരുന്ന കർണ്ണന്റെ മനസ്സിൽ  മത്സരബുദ്ധി നുരഞ്ഞു പൊങ്ങി. അമരങ്ങൾ രണ്ടും പുറകിലൂന്നി നടയുറപ്പിച്ചു ചെവികൾ ചേർത്ത് പിടിച്ചു പോരാട്ടവീര്യത്തിന്റെ പൂർണ്ണതയോടെ സൂര്യപുത്രൻ ഉദിച്ചു നിന്നൂ രാമനോടൊപ്പം.! അവിശ്വസനീയതോടെ അതിലേറെ ആവേശത്തോടെ ആളുകൾ അന്തം വിട്ടുനിന്നു.! രാമനും കർണ്ണനും ഒപ്പത്തിനൊപ്പം നിന്നതോടെ കാണികൾ ഹർഷാരവം മുഴക്കിക്കൊണ്ടേയിരുന്നു. വീരനായ പോരാളിയുടെ  മൂർത്തീഭാവമുൾക്കൊണ്ട കർണ്ണൻ, വീണ്ടും ഉയർത്തിപ്പിടിച്ചു. എന്നാൽ രാമൻ വിടാനൊരുക്കമല്ലായിരുന്നു. തലയെടുത്തുപിടിച്ചു നിന്നതോടെ വീണ്ടും ഒപ്പത്തിനൊപ്പമായി.! രാമകർണ്ണന്മാരുടെ മഹായുദ്ധത്തിനാണ് പിന്നീട് ഇത്തിത്താനത്തിന്റെ മണ്ണ് സാക്ഷ്യം വഹിച്ചത്.! കലിയുഗകർണ്ണനും കലിയുഗരാമനും തമ്മിലുള്ള തലയെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ പോരാട്ടം.!


 നാഗാസ്ത്രത്തെ നിഷ്പ്രഭമാക്കുന്ന ഗരുഡാസ്ത്രം പോലെ, ആഗ്നേയാസ്ത്രത്തെ തകർക്കുന്ന വരുണാസ്ത്രം പോലെ കൊണ്ടും കൊടുത്തും രാമകർണ്ണന്മാർ നിറഞ്ഞാടിയപ്പോൾ അതിരുകളിലാത്ത ആവേശം അണപൊട്ടിയൊഴുകി.! ഇരിക്കസ്ഥാനമെന്ന മുതുകളവിൽ കർണ്ണനേക്കാൾ വ്യക്തമായ ഉയരത്തിലാണ് രാമൻ. എന്നാൽ ഇരിക്കസ്ഥാനം  കഴിഞ്ഞു ശിരസ്സിലേക്ക് നോക്കുമ്പോൾ രാമനോടൊപ്പം തന്നെയാണ് കർണ്ണന്റെയും മസ്തകം. ഏതൊരു കൊടികെട്ടിയ ഉയരക്കേമനെയും നിഷ്പ്രഭമാക്കാനുള്ള നിലവെന്ന കഴിവ്.! രാമനെ കൂടുതൽ തലയെടുപ്പിനു പ്രേരിപ്പിച്ചു മണിയേട്ടൻ, അവന്റെ ഇടതു തുടയിൽ തന്റെ വലം കൈ കൊണ്ട് അമർത്തുവാൻ തുടങ്ങി. അതോടെ രാമൻ പരമാവധി തലപൊക്കി വിശ്വരൂപം  പ്രകടമാക്കി നിന്നു.! എന്നാൽ കർണ്ണന് രാമനോടൊപ്പം നിൽക്കാൻ ചാമിയാശാന്റെ വിയർപ്പിന്റെ ഗന്ധം മാത്രം മതിയായിരുന്നു അന്ന്.! ആശാൻ മനസ്സിൽ കണ്ടത് മാനത്തു കണ്ട കർണ്ണൻ, സൂര്യനെപ്പോലെ ജ്വലിച്ചുനിന്നു.! ആണുങ്ങളിലാണായിപ്പിറന്നവരുടെ പോരാട്ടം കണ്ടു വിധികർത്താക്കൾപ്പോലും ശ്വാസമടക്കിപ്പിടിച്ചു നിന്നു പോയി.! അനന്തപദ്മനാഭനും കിരൺ നാരായണൻ കുട്ടിയുമെല്ലാം നല്ല പ്രകടനം കാഴ്ച്ചവച്ചെങ്കിലും മത്സരമെന്നത് കർണ്ണനിലും രാമനിലുമായി ഒതുങ്ങിപ്പോയി. ഉയരക്കേമന്മാരെ നിലവ് കൊണ്ട് വിറപ്പിക്കുന്ന കർണ്ണനെ, എതിർ വിഭാഗങ്ങൾ പോലും ആരാധനയോടെ നോക്കി നിന്നു.! ഈ ഗജമേളയുടെ ദിവസങ്ങൾ മാത്രം മുൻപ് നടന്ന ചക്കുമരശ്ശേരി തലപ്പൊക്ക മത്സരത്തിൽ മംഗലാംകുന്ന് അയ്യപ്പനെതിരെ തിടമ്പ് നേടിയ കർണ്ണൻ, ചെറായി തിടമ്പ് നിർണ്ണയത്തിൽ രാമചന്ദ്രനെതിരെയും തിടമ്പ് നേടിയിരുന്നു.!

ഗജമേളയുടെ സമയം കഴിഞ്ഞിട്ടും തല താഴ്ത്തുവാൻ കർണ്ണനും രാമനും തയ്യാറായില്ല. എതിരാളിക്കൊരു പോരാളിയെ പോലെ അവർ തലയെടുപ്പിന്റെ ഇന്ദ്രജാലം പ്രകടമാക്കി നിന്നു.! ഒരു വിജയിയെ തിരഞ്ഞെടുക്കാനാവാതെ വിധികർത്താക്കൾ കുഴങ്ങി.! ആരെ ജേതാവായി പ്രഖ്യാപിക്കും ? ആർക്കു തിടമ്പ് നൽകും ? ഇരട്ടച്ചങ്കന്മാരുടെ പൊടിപാറിയ പോരാട്ടം കണ്ടു വിയർത്തവരുടെ കൂട്ടത്തിൽ വിധികർത്താക്കളുമുണ്ടായിരുന്നു.! തിടമ്പേറ്റുവാനായി ഒരാനയെ മാത്രമേ തിരഞ്ഞെടുക്കുവാൻ കഴിയൂ എന്നതിനാൽ  ഫലപ്രഖ്യാപനം തന്നെ അനിശ്ചിതത്വത്തിലായി. കർണ്ണനെ മാറ്റി രാമന് തിടമ്പ് കൊടുക്കുവാനോ, രാമനെ മാറ്റി കർണ്ണന് തിടമ്പ് കൊടുക്കുവാനോ കഴിയാത്ത അവസ്ഥ. ഒറ്റവാക്കിൽ പറഞ്ഞാൽ സമനില.! ഒടുവിൽ ഇളങ്കാവ് ഭഗവതിയുടെ തിരുസന്നിധിയിൽ വച്ച് നടന്ന നറുക്കെടുപ്പിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവം നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.! രണ്ടാം സ്ഥാനമെന്ന വലത്തേക്കൂട്ടായി കർണ്ണനും, മൂന്നാം സ്ഥാനമെന്ന ഇടത്തെകൂട്ടായി ശ്രീകൃഷ്ണാ സേവാസമിതിയുടെ പുത്തൻകുളം അനന്തപദ്മനാഭനും കൂടെ നിന്നു. എഴുന്നെള്ളിപ്പിലും രാമനോടൊപ്പം അപരാജിതനായി നിന്ന കർണ്ണൻ വീണ്ടും ആവേശമായി.!

ഇത്തിത്താനത്തിന്റെ മണ്ണിൽ തെച്ചിക്കോട്ടുകാവ് ഭഗവതിയുടെ മാനസപുത്രൻ രാമചന്ദ്രന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്.!  ഉയരപ്പെരുമയുടെ വീരന്മാരെ തലയെടുപ്പുകൊണ്ട് തറപറ്റിക്കുന്ന കർണ്ണചരിതം കുറിക്കുവാനും ഈ മത്സരം കാരണമായി. 
സാക്ഷാൽ രാമകർണ്ണന്മാരുടെ മാത്രം വിജയം.!

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും