ആനകഥ.; ചരിത്രത്തിൽ ആദ്യമായി ഫോട്ടോ കണ്ട് മാത്രം വാങ്ങിയ ആനകുട്ടി.. ഇവന്റെ കഥ ഒന്നു കേട്ടു നോക്കു....

ഇളമുറതമ്പുരാൻ.! "ചെർപ്പുളശ്ശേരി പാർത്ഥൻ" 



 ഇരുപതാം നൂറ്റാണ്ടിലെ നൂറാമതു വർഷമായ 2000. അസ്സാം മഴക്കാടുകളുടെ കുളിരിലും വന്യതയിലും പിറന്നുവീണ കരിങ്കറുപ്പൻ ആനക്കുട്ടിയെ പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസ് സ്വന്തമാക്കി. പ്രായത്തിൽ കവിഞ്ഞ വളർച്ചയും, നാടൻ ആനകളുടേതു പോലുള്ള വലിയ ചെവികളും, ഉയർന്ന വായുകുംഭവും, വ്യത്യസ്തമാർന്ന മുഖഭംഗിയും എല്ലാറ്റിനുമുപരിയായി ഇരുട്ടുപോലും നാണിച്ചു പൊകുന്ന കറുപ്പഴകും കണ്ട പോത്തൻ വർഗീസ് ആനക്കുട്ടിയുടെ അഭൗമസൗന്ദര്യത്തിൽ മയങ്ങിവീണു എന്നതാണ് സത്യം.!



വിലയുറപ്പിച്ചു നാട്ടിലേക്കു കൊണ്ട് വരുന്നതിനു മുൻപേ അഴകേറും കരുമാടിക്കുട്ടന്റെ ചിത്രം നാട്ടിലെത്തി. ആനക്കുട്ടിയുടെ പടം കണ്ട് ഇഷ്ടമായ പൂമുള്ളി മനയ്ക്കൽ ഉണ്ണി നമ്പൂതിരി അങ്ങെനെ അവനെ സ്വന്തമാക്കാനെത്തി. ചരിത്രത്തിൽ ആദ്യമായി ഫോട്ടോ മാത്രം കണ്ട് കച്ചവടമായ ആനക്കുട്ടിയായി ആ കരിങ്കറുപ്പൻ മാറി.!


ലക്ഷണത്തികവുകൾക്കു മുൻ‌തൂക്കം നൽകി ആനകളെ സ്വന്തമാക്കിയിരുന്ന പൂമുള്ളിമനക്കാർ, ലക്ഷണങ്ങളുടെ അളവുകോലുകൾ വച്ചു ആനക്കുട്ടിയെ അളന്നില്ല.! ഒരു വശത്തേക്ക് ചരിഞ്ഞു വളരുന്ന കൊമ്പുകളോ, നീളമില്ലാത്ത തുമ്പിയോ, തുമ്പിക്കൈയുടെ അഗ്രഭാഗത്തെ ചെറിയ കീറലോ അവർ കാര്യമാക്കിയതേയില്ല. "പൂമുള്ളി പാർത്ഥൻ" എന്ന പേരിൽ അവൻ മനയിൽ നിറഞ്ഞു നിന്നു. പ്രായത്തിനെ വെല്ലുന്ന വളർച്ചയും അളവിനെ വെല്ലുന്ന തലയെടുപ്പുമായവൻ ഉയർച്ചയുടെ പടവുകൾ നടവച്ചു കയറുവാൻ തുടങ്ങി. ആനക്കുട്ടിയുടെ പ്രശസ്തി വ്യാപിച്ചു. അങ്ങനെയിരിക്കെ ചെർപ്പുളശ്ശേരിയിലെ ശബരി ഗ്രൂപ്പുകാർ ആനക്കുട്ടിയിൽ ആകൃഷ്ടരായി. ആവശ്യം പറഞ്ഞെത്തിയ അവരെ പൂമുള്ളി മനക്കാർ സ്വീകരിച്ചത് വായിൽ കൊള്ളാത്ത വില കൊണ്ടായിരുന്നു.!


ഒടുവിൽ ഇരുപത് ലക്ഷം രൂപയ്ക്കു കച്ചവടം. അന്നത്തെ കാലത്ത് രണ്ടോ മൂന്നോ ഒത്ത ആനയെ വാങ്ങിക്കാൻ ആ പണം തന്നെ ധാരാളം.! പൂമുള്ളിത്തറവാട്ടിൽ നിന്നും അങ്ങെനെ പാർത്ഥൻ, ചെർപ്പുളശ്ശേരി പാർത്ഥനായി. നിറഞ്ഞ ആനത്തറവാട്ടിലെ ഇളമുറത്തമ്പുരാന്റെ ഉദയം.! അവൻ വളരാൻ തുടങ്ങി, ഒപ്പം അഴകും തലയെടുപ്പും വർദ്ധിച്ചു. കുളി കഴിഞ്ഞാൽ പത്തു മിനിറ്റ് തലയെടുപ്പ് പരിശീശലനം.!


 കണിശമായ ആ പരിശീലന രീതികൾ പിന്നീട് പാർത്ഥന്റെ തലയെടുപ്പിന്റെ പ്രൗഢിയായി പ്രതിഫലിച്ചു. രാജശേഖരനും അനന്തപദ്മനാഭനും അടക്കി വാഴുന്ന ചെർപ്പുളശ്ശേരി തറവാട്ടിലെ ഏറ്റവും താരമൂല്യമുള്ള ആന എന്ന വിശേഷണം വൈകാതെ പാർത്ഥൻ സ്വന്തമാക്കി. ഇളമുറത്തമ്പുരാനിൽ നിന്നും ഉലകനായകചക്രവർത്തിയായി മാറിയ വീരപരിവേഷം.!


ആനപ്പണിയിലെ നിരവധി അഗ്രഗണ്യർ വഴി നടത്തിയ ആനയാണ് പാർത്ഥൻ. കിടന്ന കിടപ്പിൽ നിന്നും പെട്ടന്ന് ചാടിയെഴുനേൽക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു മുൻപ്. ചിട്ടയായ ശിക്ഷണത്തിലൂടെയും മേൽനോട്ടത്തിലൂടെയും അതിനും കുറവ് സംഭവിച്ചു. സ്വാഭാവശുദ്ധിയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആനയാണ് പാർത്ഥൻ. കൂട്ടാനക്കൂത്തേറ്റിട്ടും കൈവിട്ടുപോകാതെ നിന്ന പ്രകൃതം.! ചട്ടക്കാരോട് അങ്ങേയറ്റം വിധേയത്വം പ്രകടമാക്കുന്ന സ്വഭാവം. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൽ പൂരനായകൻ തിരുവമ്പാടി ശിവസുന്ദറിന്റെ ഇടത്തെ കൂട്ടിന് അർഹത നേടിയ പാർത്ഥൻ, പിന്നീട് ആനകേരളത്തിലെ അതികായൻ സാക്ഷാൽ കണ്ടമ്പുള്ളി ബാലനാരായണന്റെ പിൻഗാമിയായി കണിമംഗലം ശാസ്താവിനെ ശിരസ്സിലേറ്റിയും പൂരങ്ങളുടെ പൂരത്തിന് എഴുന്നെള്ളി.!


 മത്സരപ്പൂരങ്ങളിൽ വെന്നിക്കൊടി പാറിച്ച പാരമ്പര്യമുണ്ട് പാർത്ഥന്. സാക്ഷാൽ അർജുനൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന പോരാട്ടവീര്യം.! ഒരിക്കൽ എത്തനൂർ കുമ്മാട്ടിയിൽ മംഗലാംകുന്ന് കർണ്ണന്റെ പകരക്കാരനായെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടൊപ്പം തലയെടുപ്പോടെ നിന്ന വീരനായകനാണ് പാർത്ഥൻ.! പിന്നീടൊരിക്കൽ മാങ്ങോട്ടുകാവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കർണ്ണനുമെല്ലാം ഉള്ളപ്പോൾ തന്നെ പ്രധാന തിടമ്പേറ്റി ഉത്സവം നയിച്ച ഖ്യാതിയും പാർത്ഥനുണ്ട്. അസാധ്യതലയെടുപ്പും, അഴകും, നല്ല സ്വഭാവശുദ്ധിയും നിമിത്തം നിരവധിയാളുകളുടെ ഇഷ്ടതോഴനാണ് പാർത്ഥൻ.!


മൂന്നര മാസത്തോളം നീണ്ടു നിൽകുന്നതാണ് നീരുകാലം. നല്ല ഉയരം, ഉയരത്തെ വെല്ലുന്ന തലയെടുപ്പ്, നല്ല സ്വാഭാവം, പ്രായത്തിന്റെ ആനുകൂല്യം ഇവയെല്ലാം പാർത്ഥന്റെ മേന്മകളാണ്. എങ്കിലും നടനീരിന്റെ പ്രശ്നം ആനയെ കാര്യമായി അലട്ടുന്നുണ്ട്. പൂർണ്ണ ആരോഗ്യവാനായി ആനകേരളത്തിൽ ഇനിയും ഒരുപാട് കാലം വിളങ്ങി നിൽക്കാൻ പാർത്ഥനെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.!

കടപ്പാട് : തിടമ്പ് ഗ്രൂപ്പ്

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും